Facebook Facebook Facebook email

Tuesday 28 August 2012

HAPPY ONAM

Posted by SARADHI - ABBASIYA UNIT On 04:16




പ്രിയ സാരഥി കുടുംബാഗങ്ങളെ,
പൊന്നിന്‍ ചിങ്ങമാസത്തിലെ ഈ പൊന്നോണം സമ്പല്‍സമൃദ്ധിയുടെയും 
സര്‍വ്വ ഐശ്വര്യത്തിന്റെയും ആയിത്തിരട്ടെ എന്ന് ആശംസിക്കുന്നു...

Friday 24 August 2012

GURU JAYANTHI

Posted by SARADHI - ABBASIYA UNIT On 13:07


Monday 20 August 2012

Aarattupuzha Velayudha Panicker

Posted by SARADHI - ABBASIYA UNIT On 02:25




ആറാട്ടുപുഴ വേലായുധപ്പണിക്കര്‍'

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പ് മംഗലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.
ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌.

കായംകുളത്ത് വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്‍റെയടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.
അവര്‍ണര്‍ക്കുവേണ്ടി കായംകുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍.
ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്‍റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌. ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?"
പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു !! ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്‍റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.
വഴിയൊന്നാണെങ്കിലും ഗുരുദേവന്‍റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്‍റെടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു. ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹനങ്ങള്‍ .
മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു.വിവരം തിരക്കിയ രാജാവിനു മുന്നില്‍ "ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചുനിന്ന ആണായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.
എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല.1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്‍റെ നിഗൂഡമായ ബാല്യം!
1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും സഖാവെ എന്നുവിളിച്ചില്ല.

ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം

അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു. ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം. മുണ്ട്‌ ഇറക്കിയുടുത്ത ഈഴവസ്‌ത്രീയെ പരിഹസിച്ച കരപ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ സഖാവേ എന്നുവിളിച്ചില്ല.

മൂക്കുത്തിവഴക്ക്‌

ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌. കഥയിങ്ങനെയാണ്‌: അന്നു സ്വര്‍ണ്ണ മൂക്കുത്തിധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്ന
ു. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്‍റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു. സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു. ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...
ഏത്താപ്പുസമരം
സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നു പണിക്കരുടെ ലഹളകളെല്ലാം. മൂക്കുത്തി വഴക്കിന്‍റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണസ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു.പണ്ട്‌ ഈ നാട് സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു....എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌

കഥകളിയോഗം

 1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതാണ് വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവണ്‍മെന്റില്‍ ‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി. അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.

പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍ കൊള്ളക്കാര്‍ അപഫരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള 'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.

മാംബുഴക്കരിക്കാരന്‍ കരപ്രമാണി

കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍ ‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്‍റെ കറവ വറ്റുമ്പോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ, വാളുമായിചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റൊരു കഥ.
ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌, കുഞ്ഞുകൃഷ്ണന്‍. സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.

സഞ്ചാരസ്വാതന്ത്ര്യം

'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുമ്പോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്‍റെ മകന്‍ രാമന്‍ മേനോന്‍റെ എഴുന്നള്ളിത്താണ്‌. അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്‍റെ കല്‍പ്പന. രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി.... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടിമാറേണ്ടി വന്നില്ല.

മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളംകായല്‍ കടക്കുമ്പോഴാണ് വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു. ഒരു കോവുവള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി.നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി. കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.
ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം-- ശ്രീനാരായണഗുരു.
സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗലത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മറ്റെവിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ?.....

(ശ്രീ. ജിജോ ജോണ്‍ പുത്തേഴത്ത്‌ മലയാള മനോരമ പത്രത്തിലെ വാരാന്തപ്പതിപ്പില്‍ 2004 ഫെബ്രുവരി 15 ന്‌ എഴുതിയ ലേഖനം.....)

VAYALVARAM VEEDU

Posted by SARADHI - ABBASIYA UNIT On 02:04


ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മൂന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; [3] ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

DHARMAM AVAM PARAM DAIVAM

Posted by SARADHI - ABBASIYA UNIT On 01:51

ധര്‍മ്മ ഏവ പരം ദൈവം


ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മസ്സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം

ഈ ശ്ലോകം വിഷ്ണ്വാഷ്ടകം കഴിഞ്ഞ് ‘ഇതും ഗുരുസ്വാമി അവര്‍കള്‍ എഴുതിയതാകുന്നു’ എന്നാ കുറിപ്പോടെ ശിവലിംഗദാസ സ്വാമികളുടെ നോട്ടുബുക്കില്‍ ചെര്‍ത്തിരുന്നതാണ്.

വ്യാഖ്യാനം – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; പരം – പ്രപഞ്ചത്തിനാദികാരണമായ; ദൈവം-പരബ്രഹ്മം; ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; മഹാധനം-ഏറ്റവും വലിയ സമ്പത്ത്; ധര്‍മഃ സര്‍വത്ര – ധര്‍മം എല്ലായിടത്തും; വിജയീ-വിജയം കൈവരിക്കുന്നു; നൃണാം ശ്രേയസേ – അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി; ഭവതുഃ – ഉപകരിക്കുമാറാകട്ടെ.

ധര്‍മം തന്നെയാണ് പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം. ധര്‍മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധര്‍മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ.

ധര്‍മ ഏവ പരം ദൈവം
നിലനില്‍പ്പിന്റെ ഭാഗങ്ങളായി കര്‍മം, ബ്രഹ്മം ഇങ്ങനെ രണ്ടെണ്ണമേ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വേര്‍തിരിയുന്നുള്ളൂ. കര്‍മത്തിന്റെ വിവിധ രൂപങ്ങളാണ് പ്രപഞ്ചം.ഈ കര്‍മത്തിനധിഷ്ഠാനമാണ് ബ്രഹ്മം. ഇങ്ങനെയിരിക്കെ എന്താണ് ധര്‍മം? സത്യമറിയാതെ കുഴങ്ങുന്ന വലിയ ചിന്തകന്മാര്‍ക്കുപോലും വ്യക്തമായ ഒരു നിര്‍വചനം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യനിഷ്ഠനായ ഗുരുദേവനാകട്ടെ ഇവിടെ ആദ്യത്തെ വരിയില്‍ത്തന്നെ ധര്‍മത്തിന് വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുന്നു. പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം തന്നെയാണ് ധര്‍മം. ധരിക്കുന്നത് ‘ധര്‍മം’ എന്നാണല്ലോ ധര്‍മ പദത്തിനര്‍ത്ഥം. കര്‍മരൂപേണ കാണപ്പെടുന്ന പ്രപഞ്ചത്തെ ധരിക്കുന്നത് ബ്രഹ്മമാണെന്നു വേദാന്തശാസ്ത്രത്തിനു തെളിഞ്ഞിട്ടുണ്ട്.

സദാചാരങ്ങളാണ് ധര്‍മമെന്നു പ്രസിദ്ധിയുണ്ടല്ലോ, അതോ? അതോ, സത്ത് ബ്രഹ്മസ്വരൂപമാണല്ലോ. ബ്രഹ്മം ധര്‍മമായതുകൊണ്ട് ബ്രഹ്മത്തോടടുപ്പിക്കുന്ന കര്‍മത്തെയും ധര്‍മമെന്നു ലാക്ഷണികമായി പറയാം. സത്തിനോടടുപ്പിക്കുന്ന കര്‍മമാണ് സദാചാരം. സത്യത്തില്‍നിന്നും അകറ്റികളയുന്ന കര്‍മം അധര്‍മവും. അപ്പോള്‍ ഭേദചിന്തയകറ്റി ഏകത്വത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഏതു കര്‍മവും ധര്‍മമാണ്. ദാനാദികര്‍മങ്ങള്‍പോലും ഭേദചിന്തയ്ക്കും അഹങ്കാരത്തിനും ശക്തികൂട്ടി സത്യത്തില്‍ നിന്നും അകറ്റുന്നതായാല്‍ അത് അധര്‍മമാണെന്ന് ഓര്‍ക്കേണ്ടതാണ്.

ധര്‍മ ക്ഷേത്രമാണ് പ്രപഞ്ചം. പരമാത്മാവിന്റെ ശരീരമാണ് പ്രപഞ്ചമെന്നര്‍ത്ഥം. ഭഗവദ്‌ഗീത തുടങ്ങുമ്പോള്‍ തന്നെ പ്രയോഗിച്ചിട്ടുള്ള ‘ധര്‍മക്ഷേത്ര’ പദം ഈ നിലയില്‍ താല്പര്യ നിര്‍ണ്ണയം ചെയ്യപ്പെടേണ്ടതാണ്. ധര്‍മത്തിന് ഗ്ലാനി വരുമ്പോഴും അധര്‍മത്തിന് അഭ്യു‍ത്ഥാനം സംഭവിക്കുമ്പോഴും താന്‍ അവതരിക്കുമെന്നും ഭഗവാന്‍ പ്രഖ്യാപിക്കുന്നതും ഈ പശ്ചാത്തലത്തില്‍ ധരിക്കേണ്ടതാണ്. അദ്വൈതബോധത്തിന് മങ്ങല്‍തട്ടി ദ്വൈതബോധത്തിന് ശക്തി കൂടുമ്പോള്‍ ഈശ്വരബുദ്ധി ഉറപ്പിക്കാനായി ഏതെങ്കിലും രൂപത്തില്‍ താന്‍ വന്നെത്തുമെന്ന് താല്പര്യം.

സത്യത്തോടടുക്കാന്‍ അതെത്രകണ്ട് സഹായിക്കുന്നു എന്നുമാത്രമാണ് ഒരു കര്‍മത്തെ ധര്‍മമാക്കി മാറ്റുന്നത്. ധര്‍മത്തിന്റെ അഥവാ ബ്രഹ്മത്തിന്റെ പൂര്‍ണ്ണ സാക്ഷാത്കാരത്തില്‍ കര്‍മം മുഴുവന്‍ മറഞ്ഞുപോകുമെന്നും ഓര്‍ക്കേണ്ടതാണ്.

ധര്‍മ ഏവ മഹാധനം
ധര്‍മമാണ്‌ ഏറ്റവും വലിയ സമ്പത്ത്. എന്തിനാണൊരാള്‍ സമ്പത്ത് സഞ്ചയിക്കുന്നത്? സുഖം കണ്ടെത്താന്‍. ബ്രഹ്മം ഒന്നുമാത്രമാണ് സുഖസ്വരൂപം. ഭൗതിക സമ്പത്തുകൊണ്ടനുഭവിക്കുന്ന ക്ഷണികസുഖങ്ങള്‍പോലും ബ്രഹ്മാനന്ദത്തിന്റെ ലേശങ്ങള്‍ മാത്രമാണ്. അപ്പോള്‍ ബ്രഹ്മലാഭമാണ് ഏറ്റവും വലിയ സമ്പത്തെന്നു പറയേണ്ടതില്ലല്ലോ. അതിനു സഹായിക്കുന്ന ധര്‍മരൂപമായ കര്‍മവും വലിയ സമ്പത്താണ്. അര്‍ത്ഥകാമങ്ങള്‍ ധര്‍മരൂപമായ കര്‍മത്തിനും ധര്‍മം മോക്ഷത്തിനും വഴിതെളിക്കണം. അപ്പോള്‍ മാത്രമേ അര്‍ത്ഥകാമങ്ങള്‍ക്ക് പുരുഷാര്‍ത്ഥസിദ്ധിയുള്ളൂ. മഹാഭാരതത്തിലെ മാഹാത്മ്യകഥനത്തില്‍ സൂതന്‍ പറയുന്നത് നോക്കുക:

ഊര്‍ദ്ധ്വബാഹുര്‍വിരൗമേഷ
ന ച കശ്ചിച്ഛൃണോതിമേ
ധര്‍മാദര്‍ത്ഥശ്ചകാമശ്ച
സ കിമര്‍ഥം ന സേവ്യതേ.

‘കൈപൊക്കി ഞാനിതാ വിളിച്ചുപറയുന്നു. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. ധര്‍മത്തിലൂടെ മാത്രമേ അര്‍ത്ഥകാമങ്ങള്‍ സഫലമാവൂ. പിന്നെന്തുകൊണ്ട് ആ ധര്‍മം അനുസരിക്കപ്പെടുന്നില്ല‘. ഭാഗവതം ആദ്യംതന്നെ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്. അര്‍ത്ഥകാമങ്ങളെ ധര്‍മപരമാക്കാനും ധര്‍മ്മത്തെ മോക്ഷലക്ഷ്യത്തിലെത്തിക്കാനും ഒരൊറ്റ വഴിയേയുള്ളൂ. നിലയ്ക്കാത്ത തത്ത്വജിജ്ഞാസ. എന്താണ് തത്ത്വം? അദ്വൈതാഖണ്ഡബോധമാണ് തത്ത്വം.

ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും അദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ലാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. “ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ – എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും”. ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.

ഭവതു ശ്രേയസേ നൃണാം
‘ശ്രേയസ്സ്’ എന്ന പദത്തിന്റെ നിഷ്കൃഷ്ടമായ അര്‍ഥം ബ്രഹ്മപ്രാപ്തി അഥവാ മോക്ഷം എന്നാണ്. ധര്‍മം മോക്ഷാനുഭവത്തിലെത്തുന്നതാണെന്ന് ഗുരുദേവന്‍ ഈ വരിയില്‍ വ്യക്തമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സത്യബോധം വളര്‍ത്താത്ത കര്‍മമൊന്നും ധര്‍മമല്ല. അവ ജീവിതത്തെ ആയാസപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. “ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം – ധര്‍മ രഹസ്യം ഹൃദയഗുഹയില്‍ ഒളിഞ്ഞിരിക്കുന്നു” എന്ന് വ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നത് ഇക്കാര്യം സൂചിപ്പിക്കാനാണ്. ഹൃദയ ഗുഹയില്‍ ഒളിഞ്ഞിരിക്കുന്നത് ആത്മാവാണ്. അതിനെ മറമാറ്റി തെളിക്കുന്നതെന്തോ അതാണ്‌ ധര്‍മം. ഇതാണ് ധര്‍മരഹസ്യം.

ഇങ്ങനെ ഒരു കൊച്ചു പദ്യത്തില്‍ ധര്‍മ രഹസ്യം മുഴുവന്‍ ഉള്ളടക്കി ഒരു ദിവ്യമന്ത്രം പോലെ നമുക്ക് അനുഗ്രഹിച്ഛരുളിയ അനുകമ്പാനിധിയായ ഗുരുദേവനെ പാദപാതം പ്രണമിക്കാം.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

JEEVAKARUNNYA PANCHAKAM

Posted by SARADHI - ABBASIYA UNIT On 01:45



എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.

കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

വ്യാഖ്യാനം

ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.

1. പരമസത്യമായ ആത്മാവിന്‍റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ലാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.

2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ്‌ അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ലാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.

3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്‍റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.

4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത്‌ തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത്‌ തന്നെയാണ്.

5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.

അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.

ശുഭം.

SHARADHA PRATHIKSHTTA-SIVAGIRI

Posted by SARADHI - ABBASIYA UNIT On 01:34






ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം


കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ അദ്വൈതാശ്രമം എന്നിവയാണ്  ക്ഷേത്രം, മഠം, ആശ്രമം എന്നീ മൂന്നും ആത്മീയ വികാസത്തിന്‍റെ മൂന്നു തലങ്ങളെ കുറിക്കുന്നു.

അകവും പുറവും തിങ്ങുന്ന ദൈവത്തെ അതിന്‍റെ സ്വാത്വിക ഭാവത്തില്‍ ആരാധിക്കാന്‍ സവര്‍ണ്ണന് മാത്രമേ അക്കാലത്ത് അധികാരം ഉണ്ടായിരുന്നുള്ളൂ. ഏകദേശം പതിനൊന്നാം ശതകം മുതല്‍ ഇരുപതാം ശതകത്തിന്‍റെ പൂര്‍വാര്‍ദ്ധം വരെയും ബ്രാഹ്മണ മേധാവിത്തം കേരളത്തില്‍ ശക്തമായി നില നിന്നു. ജാതി  വ്യവസ്ഥ പണ്ടത്തേക്കാള്‍ രൂക്ഷമായി. ക്ഷേത്രങ്ങള്‍ക്കടുത്തുള്ള വഴിയില്‍ കൂടി പോലും നടക്കാന്‍ അധികാരമില്ലാത്ത, നാണം മറക്കാന്‍ അവകാശമില്ലാത്ത, അക്ഷരം പഠിക്കാന്‍ അവകാശമില്ലാത്ത, സ്വന്തം ശരീരത്തിലെ അവയവങ്ങള്‍കുവേണ്ടി കരം കൊടുക്കേണ്ടിയിരുന്ന ഒരു അടിമ വര്‍ഗ്ഗം ഇവിടെ നില നിന്നു. സകല ജീവിതാനന്ദങ്ങളില്‍ നിന്നും അസ്പര്‍ശ്യരാക്കി മാറ്റി നിര്‍ത്തിയിരുന്ന ഈ വിഭാഗത്തിന് ശെരിയായ ഈശ്വരാരാധന പോലും നിഷിദ്ധമായിരുന്നു. മാടന്‍, മറുത, ഇശക്കി, ചാത്തന്‍, വങ്കാരമാടന്‍, കരിങ്കാളി, തുടങ്ങിയ പ്രാകൃത ദൈവങ്ങളെ, കള്ളും, തവിടും, കൊഴിചോരയും നേദിച്ച് തുള്ളി കല്പിച്ച് ആരാധിക്കുന്നതായിരുന്നു അവര്‍ക്ക് വിധിച്ചിരുന്ന രീതി. അജ്ഞതയും അടിമത്തവും, താമസാരധനയും ഒക്കെ കൂടി മൃഗ സമാനമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഭൂരി പക്ഷം വരുന്ന അവര്‍ണ്ണ ജനത ഈ അടിമത്തത്തിന്‍റെ   ആണിക്കല്ലായതാകട്ടെ ക്ഷേത്രങ്ങളും ക്ഷേത്രങ്ങള്‍ വഴി സ്ഥാപിചെടുക്കപ്പെട്ട ഈ സവര്‍ണ്ണ മേധാവിത്വത്തെ നിശബ്ദം വെല്ലുവിളിക്കാന്‍ ഗുരു ഉപാധി ആക്കിയതും ക്ഷേത്രങ്ങള്‍ തന്നെയായിരുന്നു. 1888 ലെ  അരുവിപ്പുറം ശിവപ്രതിഷ്ഠയോടെയാണ്, ലോക ചരിത്രം ഇന്നോളം സാക്ഷ്യം വഹിക്കാത്ത ആ വിപ്ലവം അരങ്ങേറിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തിലും ആയി കേരളത്തില്‍ നടന്ന സവിശേഷമായ നവോത്ഥാനത്തിന്‍റെ ആണിക്കല്ലായി മാറിയത് അരുവിപ്പുറം ശിവപ്രതിഷ്ഠയാണ്. ശവ സമാനമായി കിടന്നിരുന്ന ജനതയെ ശിവമാക്കി തീര്‍ത്തതായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.

'ക്ഷയാത് ത്രായാതെ ഇതി ക്ഷേത്രം'  എന്നതാണ് ക്ഷേത്രത്തിന്‍റെ നിര്‍വചനം. ബാഹ്യവും ആഭ്യന്തരവുമായ ജീര്‍ണതകളില്‍ നിന്നും വ്യക്തിയേയും സമഷ്ടിയെയും രക്ഷിക്കുന്നതാണ് ക്ഷേത്രം. ആത്മ ജ്ഞാനതിലെക്കുള്ള മനുഷ്യന്‍റെ വളര്‍ച്ചയുടെ ആദ്യ പടവാണ് ക്ഷേത്രങ്ങള്‍. ഉപാധിയിലൂടെയല്ലാതെ നിരുപാധികമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ സാധിക്കുന്നതല്ല.  വിഗ്രഹങ്ങളെ ഈശ്വര ബുദ്ധിയോടുകൂടി ഉപാസിച്ചാലേ, ഉപാസക ചിത്തം കാലക്രമേണ ശുദ്ധവും എകാഗ്രവുമാക്കി തീര്‍ക്കുവാന്‍ സാധിക്കൂ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്ഥൂലമായതിന്‍റെ ആരാധനയിലൂടെ വേണം സൂക്ഷമമായതിലേക്ക് ചെന്നെത്താന്‍. അതിനായിട്ടായിരുന്നു അരുവിപ്പുറത്തു ഗുരു ശിവനെ പ്രതിഷ്ഠിച്ചത്.

യാതൊരു ശില്പിയും കൊത്തിയ ശിലയല്ല ഗുരു പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. നെയ്യാറിലെ ശങ്കരന്‍ കുഴിയുടെ ആഴങ്ങളില്‍ ഗുരുവിന്‍റെ സ്പര്‍ശം കാത്തു കിടന്ന ആ ശില കാലം തന്നെ ഗുരുവിനു വേണ്ടി കാത്തു വെച്ചതായിരിക്കണം. നദിക്കു അഭിമുഖമായി ഒരു ശിലാതലം മാത്രമാണ് ഗുരു പ്രതിഷ്ഠയുടെ വേദിയായി ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നത്. മഹാകവി കുമാരനാശാന്‍റെ 'ബ്രഹ്മശ്രീ നാരായണ ഗുരു' എന്നാ ലഘു ജീവചരിത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മത്തെ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. "പ്രതിഷ്ഠയുടെ സംഭാരമായി ഉണ്ടായിരുന്നത് കുറെ പുഷ്പങ്ങളും വിളക്കുകളും, നാദസ്വര വായനയും മാത്രമായിരുന്നു. പീഠം ആയി സങ്കല്‍പ്പിച്ചിരുന്ന പാറയുടെ മീതെ ഒരു പന്തല്‍ കെട്ടിയിരുന്നു. അര്‍ദ്ധരാത്രിയോടു കൂടി സ്വാമി സ്നാനം ചെയ്തു വന്നു അതിനകത്ത് കടന്ന് പ്രതിഷ്ടിക്കാനുള്ള ശിലയെ കയ്യില്‍ എടുത്ത് ധ്യാനിച്ച്‌ കൊണ്ട് മൂന്നു മണി വരെ ഒരേ നിലയില്‍ നിന്നു. സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സമയം അശ്രുധാരകള്‍ പ്രവഹിച്ചു കൊണ്ടിരുന്നു. കാണികള്‍ ഭക്തി പരവശരായി പഞ്ചാക്ഷര മന്ത്രം ഉച്ചത്തില്‍ ജപിച്ചു ഏക മനസ്സോടെ ചുറ്റും നിന്നു. മൂന്ന് മണിക്ക് ശിലയെ സ്വാമി പീഠത്തില്‍ പ്രതിഷ്ഠിച്ച് അഭിഷേകം ചെയ്തു. ആ സമയത്ത് ചില അത്ഭുതങ്ങള്‍ നടന്നതായി പലരും പറയുന്നു". വൈദികമായ വിധികള്‍ ഒന്നും കൂടാതെയാണ് ഗുരുവിന്‍റെ 'ശിവന്‍' പ്രതിഷ്ടിതമായത്. ശങ്കരന്‍ കുഴിയില്‍ നിന്നും ആ പാതി രാവില്‍ മുങ്ങിയെടുത്ത ശിലയില്‍ സ്വന്തം കണ്ണീരാകുന്ന ഗംഗാജലം കൊണ്ടാണ് ഗുരു ആദ്യം അഭിഷേകം നടത്തിയത്.

മനുഷ്യരായി ജനിച്ചിട്ടും മനുഷ്യരായി ജീവിക്കാന്‍ അക്കാലത്തു അവകാശമില്ലാതിരുന്ന ജനത്തിന് വേണ്ടിയാണ് കാരുണ്യ മൂര്‍ത്തിയായ ഗുരു അന്ന് കന്നീരോഴുക്കിയത്‌. ഉരുണ്ട ശിവലിംഗ സദൃശമായ ശില പരന്ന പാറയില്‍ ഉറച്ചതെങ്ങനെ എന്ന് നമുക്ക് അത്ഭുതം തോന്നാം. ആകാശത്ത് നിന്നും ഒരു മിന്നല്‍ പിണര്‍ ശിലയില്‍ സ്പര്‍ശിച്ചപ്പോള്‍ കൈ പൊള്ളിയിട്ടെന്ന പോലെ ഗുരു പരന്ന പാറയില്‍ ശിഅല്‍ പ്രതിഷ്ഠിച്ചു. 'അഷ്ടബന്ധം ഒഴിക്കേണ്ടയോ'? എന്ന് വൈദ്യന്മാര്‍ ചോദിച്ചപ്പോള്‍ "അത് ഉറച്ചു പോയല്ലോ"  എന്ന് ഗുരു മറുപടി പറഞ്ഞു പോലും! ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരിക്കല്‍ പോലും അഷ്ടബന്ധ നവീകരണ കലശം അവിടെ നടത്തേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഗുരുവിന്‍റെ തപസ്സിന്‍റെ ഊര്‍ജ്ജം തന്നെയാകാം ശിലകളെ തമ്മില്‍ ഉരുക്കി ചേര്‍ത്ത താപോര്‍ജ്ജമായി തീര്‍ന്നിരിക്കുക. പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്രം പണിതപ്പോള്‍ അതിന്റെ ചുമരില്‍ ഗുരു കുറിച്ചു വെച്ചത് പഞ്ചാക്ഷര മന്ത്രമല്ല പകരം

ജാതിഭേതം മതദ്വേഷം 
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃക സ്ഥാനമാണിത്.

എന്നാ വിശ്വ മാനവിക സൂക്തമാണ്. ഗുരുവിനെ സംബന്ധിച്ച് ക്ഷേത്രം എന്നത് ഈ വിശ്വം തന്നെ.

ഞാന്‍ ആര്? എന്ന ചോദ്യത്തിന്‍റെ ഉത്തരം മാത്രം ജ്ഞാനം. അല്ലാത്തതെല്ലാം അജ്ഞാനം എന്നരുളിയത് രമണ മഹര്‍ഷിയാണ്. ഈ ജ്ഞാനം ഒരു ഗുരുവില്‍ നിന്നെ വേണ്ട വിധം പകര്‍ന്നു കിട്ടൂ. ആത്മജ്ഞാനിയായ ഗുരുവിനോടൊപ്പം ശിഷ്യന്മാരും താമസിച്ച് ആത്മവിദ്യ അഭ്യസിക്കുന്ന ഇടമാണ് മഠം. ഗുരു സ്വരൂപിണിയും ശ്രീ വിദ്യയുമായ ശാരദയെ പ്രതിഷ്ഠിച്ച് ആത്മവിദ്യ അഭ്യസിച്ചു ജീവിതം അര്‍ത്ഥവത്താക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കാം ശാരദാ പ്രതിഷ്ഠയിലൂടെ ഗുരു ലക്ഷ്യമിട്ടത്.

ജീവിത കാലം മുഴുവന്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്ന ഋഷി ആയിരുന്നു ശ്രീനാരായണഗുരുദേവന്‍. സന്ന്യാസി ഒരിടത്ത് തന്നെ സ്ഥിരമായി താമസിക്കുന്നത് ശരിയല്ല എന്നാണ് ശാസ്ത്രം. ചരതി ചരതി എന്നായിരിക്കണം സന്യാസിയുടെ ജീവിതം. എന്തുകൊണ്ടെന്നാല്‍ ഒന്നിനോടും പ്രതെയക മമത സന്യാസിക്കു ഉണ്ടാകാന്‍ പാടില്ല. 1903  ജനുവരി 7 ന്‌ അരുവിപ്പുറത്തു വെച്ച് ആണ് സംഘടനകളുടെ മാതാവായ ശ്രീ നാരായണ ധര്‍മ പരിപാലന യോഗത്തിന് തുടക്കം കുറിക്കുന്നത്. അതിനടുത്ത വര്‍ഷം ഗുരു തന്‍റെ ആസ്ഥാനം അരുവിപ്പുറത്തു  നിന്നു ശിവഗിരിയിലെക്ക് മാറ്റി.

ഗുരുവിനെ കുറിച്ചുള്ള മഹാകവി കുമാരനാശാന്‍റെ ജീവിത ചരിത്രത്തില്‍ ഇങ്ങനെ കാണുന്നു. "1079ാ൦ ആണ്ട് സ്വാമി വര്‍ക്കല ഇപ്പോള്‍ ശിവഗിരി മഠം സ്ഥാപിച്ചിരിക്കുന്ന കുന്നിനു സമീപം ഒരു ദിക്കില്‍ പതിവായി ചെന്നിരിക്കുകയും ഒരു കുടില് കെട്ടി കുറെ നാള്‍ താമസിക്കുകയും ചെയ്തിരുന്നു. അതിനു ചുറ്റും വഴുതിന, പയര്‍, കത്തിരി, വെണ്ട മുതലായ സസ്യങ്ങള്‍ കൃഷി ചെയ്യിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ കൃഷി സ്ഥലത്തിന് തെക്കായി ഒരു കുന്നുണ്ടായിരുന്നത് ആരുടേയും പേരില്‍ പതിഞ്ഞിട്ടില്ലെനു മനസിലാവുകയാല്‍ തന്‍റെ ഇരിപ്പ് സ്വാമി ആ സ്ഥലത്തേക് മാറ്റി. കുന്നിന്‍റെ മുകളില്‍ ഒരു പര്‍ണശാല കെട്ടി മിക്കവാറും സ്ഥിരമായി താമസിച്ചു എന്ന് തന്നെ പറയാം. ഗുരു ആവശ്യപ്പെട്ടതനുസരിച്ച് കൈതക്കോണത്ത് കച്ചപ്പി ആശാന്‍ ഓല കൊണ്ടും മുള കൊണ്ടും ഒരു മാടം കെട്ടി കൊടുത്തു. സഹചാരിയും പച്ചകക്കാരനുമായിരുന്ന പപ്പു ശാന്തിയോടൊപ്പം ഗുരു അവിടെ താമസം തുടങ്ങി. പിന്നീട് ഈ കുന്ന് തന്‍റെ പേരില്‍ പതിപ്പിച്ചു വാങ്ങി. ചുറ്റും ദാനമായി കിട്ടിയ സ്ഥലത്തിനടക്കം 'ശിവഗിരി' എന്ന് പേര് നല്‍കുകയും ചെയ്തു.

( Dr . ഗീത സുരാജിന്‍റെ "ശ്രീ നാരായണ ഗുരുദേവന്‍റെ ശാരദാ പ്രതിഷ്ഠയും ജനനീനവരത്നമഞ്ജരിയും" എന്ന കൃതിയില്‍ നിന്നും..)

GURU

Posted by SARADHI - ABBASIYA UNIT On 01:12



"മതങ്ങള്‍ക്കതീതമായ് മനുഷ്യന്‍ ..
മറ്റാരുമീ മധുര മന്ത്രക്ഷരം മന്ത്രം
ചൊല്ലിയില്ലിന്നെ വരെ
മരണം മരണം എന്നെപ്പോഴും
ഓര്‍മിപ്പിക്കും മതം ആ
മനുഷ്യന്റെ ശബ്ധത്തില്‍ നടുങ്ങിപ്പോയീ..
കര്‍മത്തില്‍ നിന്നേ ധര്‍മ ചൈതന്യം വിളയിച്ച
നമ്മുടെ ജന്മാന്തര സഞ്ചിത സംസ്കാരങ്ങള്‍
ആ ശിവഗിരി ക്കുന്നില്‍ കത്തിച്ച വിളക്കത്ത്
വിശ്വ സൌഹാര്‍ധ ത്തിന്റെ യജ്ഞ മൊന്നാരംബിച്ചു"
(ശ്രീ നാരായണ ഗുരു -വയലാര്‍ രാമവര്‍മ )
വിശ്വ സൗഹാര്‍ദാത്തിന്റെ ,സ്നേഹത്തിന്റെ ,പാരസ്പര്യത്തിന്റെ ,പരസ്പര വിശ്വാസത്തിന്റെ ,അറിവിന്റെ ആനന്ദത്തിന്റെ സംഘ ബലത്തിന്റെ മതം ലോകത്തിനു കാണിച്ചു കൊടുത്ത, ലോകം കണ്ട എക്കാലത്തെയും മഹാഗുരു ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി യുടെ 83 -ആം വാര്‍ഷിക ദിനമാണിന്ന്.

ദൈവ ദശകം എന്ന പ്രാര്‍ത്ഥനാ ശ്ലോകത്തില്‍ ഗുരു ദൈവത്തെ വാഴ്ത്തി എഴുതിയ
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും
മൊഴിയുമോര്‍ക്കില്‍ നീ."
എന്ന പ്രവാചക തുല്യമായ വരികള്‍ കാലാന്തരത്തില്‍ സ്രഷ്ടാവിനു തന്നെ ചേരും വിധം ഒരു മനുഷ്യന്‍ യഥാര്‍ത്ഥ നാരായണന്‍ ആയി മാറിയ അത്യപൂര്‍വ ചരിത്രമാണ്‌ ശ്രീ നാരായണ ഗുരു ദേവന്റെ തു .
ഗുരുവിന്റെ ജീവിതവും കര്‍മവും ദര്‍ശനങ്ങളും ചിന്താവിപ്ലവും ലോകത്തിനു കാണിച്ചു കൊടുതതിതാണ് .
തൊട്ടു കൂടാത്തവരും തീണ്ടികൂടത്തവരും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവരായ് ഒട്ടനവധി ജാതിക്കോമരങ്ങള്‍ കേരളീയ സാമൂഹ്യാവസ്ഥയെ അസ്വാതന്ത്രത്തിന്റെ ചങ്ങലകളാല്‍ വരിഞ്ഞു മുറുക്കി അയിത്തത്തിന്റെ യും അനാചാര ത്തിന്റെ യും പ്രാകൃത ലോകത്തിലേക്ക് നടത്തി കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ "ജന്മം കൊണ്ട് ആരും നിക്രിഷ്ടര്‍ അല്ല .നിയന്താവിന്റെ സൃഷ്ടികളെ വൈകല്ല്യ പ്പെടുത്തുന്നത് മറ്റാരു മല്ല മനുഷ്യന്‍ തന്നെ യാണ് ".എന്ന ചിന്താ വിപ്ലവം സൃഷ്ടിച്ച മഹാമന്ത്രം ഇവിടത്തെ പിന്നോക്ക വിഭാഗങ്ങളുടെ ജീവിത മണ്ഡലത്തെ മാറ്റി മറിച്ചു.അന്നേവരെ വരേണ്യന്‍ അധസ്ഥിതരെന്നു പറഞ്ഞു ബഹു ഭൂരിപക്ഷത്തെ മാറ്റി നിര്‍ത്താന്‍ പാഞ്ഞു പഠിപ്പി ച്ചിരുന്ന "നിന്റെ ജീവിത ദുരവസ്ഥയുടെ കാരണം അലങ്ഘനീയമായ നിന്റെ വിധി യാണെന്ന പച്ച കള്ളത്തെ "അടിമത്തം ദൈവകല്പിത മല്ല "എന്ന മഹാ വചനത്തിലൂടെ ഗുരു മാറ്റി മറിച്ചു.
സ്വയം" അടിയനെന്നും" ഇവിടെ പണവും അധികാരവും സമ്പത്തും കയ്യടക്കി അടക്കിവാണ വരേണ്യനെ" തമ്പ്രാന്‍ " എന്നും വിനീത വിധേയരായ് വിളിച്ചു ശീലിച്ച പിന്നോക്ക വിഭാഗങ്ങളുടെ മാനസികടിമാത്വത്തിന്റെ ജീര്‍ണി ച്ച മനസ്സിനെ ഗുരു തച്ചുടച്ചു .അവരോടു ഗുരു പറഞ്ഞു "വിദ്യ കൊണ്ട് പ്രബുധരാകുക സംഘടിച്ചു ശക്തരാകുക "അവകാശ ങ്ങള്‍ക്ക് വേണ്ടി യുള്ള സമര പോരാട്ടങ്ങള്‍ക്ക് സജ്ജ രാകാന്‍ അറിവും സംഘബലവുമാണ് പ്രധാനം .ക്ഷേത്രങ്ങളോട് ചേര്‍ന്ന് നാട്ടു പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു അറിവിന്റെ അദ്ധ്യാക്ഷരം ഓതി കൊടുക്കാന്‍ ഗുരു ഒരു അവധൂതനെ പ്പോലെ കേരളം മുഴുവന്‍ സഞ്ചരിച്ചു . 1888 ഇല്‍ അരുവിപ്പുറത്തു ജാത്യാഭിമാനത്തിന്റെ വര്‍ണ്ണ സങ്കല പ്പത്തെ തകര്‍ത്തെറിഞ്ഞു ശിവ ലിംഗ പ്രതിഷ്ഠ നടത്തിയ ഗുരു ,പൂണുലിന്റെ യും പുണ്യാഹത്തിന്റെയും കപട മേന്മ മാത്രമല്ല കേരളം അന്നേവരെ അധികാരത്തിന്റെ ഹുംകില്‍ കൊണ്ടുനടന്ന സാമൂഹ്യാ ദുരാചാരത്തിന്റെ ,ദുരവസ്ഥ യുടെ നേടും തൂണുകള്‍ കൂടിയാണ് പിളര്‍ന്നത് .
അരുവിപ്പുറത്തെ ശിവക്ഷേത്രത്തിന്റെ ഭിത്തിയില്‍ ഗുരു കുറിച്ച് വച്ച" ജാതിഭേതം മത ദ്വേഷം .ഏതുമില്ലാതെ സര്‍വരും. സോദരേത്യേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന വരികള്‍ മലയാളി ഇതം പര്യന്താ മായി കേട്ട സാഹോദര്യ ത്തിന്റെ യും മാനവീകതയുടെ യും മഹാസന്ദേശ മായിരുന്നു .കേരളം കാണാന്‍ കൊതിച്ച കാലത്തിന്റെ ചുവരെഴുത്തായിരുന്നു .അതുകൊണ്ടാണ് കേരത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ പാടിയത് "മതങ്ങള്‍ക്ക് അതീതമായ് മനുഷ്യന്‍ മറ്റാരുമീ മധുര മന്ത്രാക്ഷര മന്ത്രം ചൊല്ലിയില്ലിന്നെവരെ "എന്ന്.
"അവനവന്‍ ആത്മ സുഖത്തിന്നച്ചരിക്കുന്നവ
അപരന് സുഖത്തിന്നായ്‌ വരേണം ."എന്ന് ഗുരുവിനു പറയാന്‍ കഴിഞ്ഞത് മഹാകവി കുമാരനാശാന്‍ എഴുതിയത് പോലെ അന്യര്‍ക്ക് ഗുണം ചെയ്യാന്‍ ആയുസ്സും വപുസ്സും തപം ചെയ്യ്തത് കൊണ്ടാണ്.
പിന്നോക്ക ക്ഷേമ വകുപ്പും ഡായരക്ട്രെട്ടും രൂപികരിക്കാന്‍ കേരള മന്ത്രിസഭാ തത്വത്തില്‍ തീരുമാനിക്കുമ്പോള്‍ 1903 ഇല്‍ ഗുരു സ്വന്തം ഇഷ്ട പ്രകാരം രൂപികരിച്ച എസ്.എന്‍ ഡി .പി എന്ന മഹാപ്രസ്ഥാന ത്തിന്റെ കരുത്തും ശക്തിയും സാംഗത്യവും മഹത്വ വുമാണ് വെളിവാകുന്നത് .എങ്കിലും പിന്നോക്ക വിഭാഗങ്ങളുടെ ഏറ്റവും അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പോലും അന്ഗീകരിക്കപ്പെടാന്‍ എത്ര ദശാബ്ദങ്ങള്‍ കാത്തിരിക്കണം .1957 മുതല്‍ ഇന്നേവരെ കേരളം ഭരിച്ച മുന്നണികള്‍ക്കു നേതൃത്വം കൊടുത്തവര്‍ വ്യക്ത മാക്കണം .
താന്‍ കുടിക്കുന്ന മദ്യവും താന്‍ കഴിക്കുന്ന മാംസവും രക്തവും തന്റെ ദൈവങ്ങള്‍ക്ക് കൂടി നല്‍കി മാടനെയും മറുതയെയും യക്ഷിയെയും വളരെ പ്രാകൃത മായ രീതിയില്‍ ആരാധിച്ചിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ശിവന്‍ ,വിഷ്ണു,സരസ്വതി തുടങ്ങിയ സാത്വികരായ ദൈവങ്ങളെ മാത്രമല്ല ,ശിലാ വിഗ്രഹങ്ങളിലെ ദൈവിക ചൈതന്യ ത്തിന്ന പ്പുറത്ത് "അവനവനെ അറിയുന്നതാണ് ഏറ്റവും വലിയ അറിവ് എന്ന് കാട്ടി കൊടുക്കാന്‍ കണ്ണാടി പോലും പ്രതിഷ്ടിച്ചു ഗുരു!!
ശൂദ്ര ജാതിയില്‍ ജനിച്ചു പോയത് കൊണ്ട് മാത്രം ഒരുവന് വേദം പഠിച്ചു കൂടാ എന്ന ബ്രഹ്മ സൂത്രത്തിലെ അപശൂദ്രധികരണത്തെ പറ്റി യുള്ള ശങ്കരഭാഷ്യത്തെ
"ശങ്കരന് തെറ്റിപ്പോയി " എന്ന് തന്റേടത്തോടെ പറയാന്‍ കഴിഞ്ഞ ഏക സന്യാസി വര്യന്‍ ശ്രീ നാരായണ ഗുരു മാത്രമാണ് .
" പല മത സാരവുമേകം " എന്ന തന്റെ ദാര്‍ശനീക കാഴ്ച പ്പാട് ലോകത്തോട്‌ വിളംബരം ചെയ്യാന്‍ ഗുരു 1924 ഇല്‍ ആലുവ യിലെ അദ്വൈ താശ്രമത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍വമത സമ്മേളനം നടത്തി .വെറുപ്പിന്റെ ,വിദ്വേഷ ത്തിന്റെ , പകയുടെ,ജുഗുപ്സ യുടെ പരമ പുച്ജ ത്തിന്റെ മലീമസമായ വാക്കുകള്‍ അന്യനുമേല്‍ പ്രയോഗിക്കനല്ല .ഗുരു പറഞ്ഞു "വാദിക്കാനും ജയിക്കാന് മല്ല ;അറിയാനും അറിയിക്കാനുമാണ് ഈ മഹാ സംരംഭം ആരംഭിച്ചിരിക്കുന്നത് .
1928 ഇല്‍ ശിവഗിരിയിലേക്ക് ശരീരവും , ആഹാരവും, മനസ്സും ,വാക്കും, കര്‍മവും (ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധി )ശുദ്ധിയാക്കി മഞ്ഞ വസ്ത്രം ധരിച്ചു ലാളിത്യത്തിന്റെ
ആത്മീയ ഗിരി ശൃംഗത്തി ലേക്ക് ജീവിത കാമനകള്‍ ഉപേക്ഷിച്ചു നടന്നു കയറുവാന്‍ തീര്‍ഥാടന ത്തിനു ഗുരു അനുമതി നല്‍കി.
ദൈവത്തിന്റെ കരങ്ങളില്‍ സ്വജീവിതം സമര്‍പ്പിച്ച മഹാകവി കുമാരനാശാനെയും ,"ജാതി വേണ്ട ,മതം വേണ്ട ,ദൈവം വേണ്ട "എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പനെയും തന്റെ മഹാപ്രസ്ഥാനത്തിന്റെ ഒരു കുട ക്കീഴില്‍ ഏകോപി പ്പിച്ചു നിര്‍ത്തി ഗുരു.
മലയാളിയുടെ പ്രിയപ്പെട്ട "ഇതിഹാസകാരന്‍ "ഓ വി വിജയന്‍ പറഞ്ഞു "ഗുരു സാന്നിധ്യം നിരന്തരമാണ് .സ്ഥലങ്ങളിലും കാലങ്ങളിലും അവന്‍ ആവിര്‍ഭവിക്കുന്നു.ഈശ്വരനും സനതനത്തിനും ഇടയിലുള്ള ഉടമ്പടിയാണ് ഗുരു".
മലയാളിയുടെ തലവര മാറ്റി വരച്ചു അവനെ സംസ്കാരത്തിന്റെയും അറിവിന്റെയും ജീവിത മൂല്യങ്ങളുടെയും പാഠം പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനങ്ങള്‍ അനാദി യായ കാലത്തോളം ഇവിടെ അനശ്വര മായി നിലനില്‍ക്കും .മുന്‍ മുഖ്യ മന്ത്രി സി .അച്യുതമേനോന്‍ ഗുരുവിനെ ക്കുറിച്ച് പറഞ്ഞത് നോക്കൂ.."മറ്റുള്ളവര്‍ക്കൊക്കെ മുദ്രാവാക്യം മുഴക്കാനും പ്രക്ഷോഭങ്ങള്‍ നയിക്കനുമേ കഴിയൂ..ഉപരിപ്ലവമായ ചില ചേഷ്ടകള്‍ കാണിക്കാന്‍ മാത്രം ..നേരെ മറിച്ചു ഇവിടെ ഇതാ ഒരു മനുഷ്യന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിന്റെ സാമൂഹ്യാ ഘടന യാകെ പിടിച്ചു കുലുക്കുന്നു .കുലുക്കി മറിക്കുന്നു. .മര്‍ദിത ജന സമുദായമാസകലം അദ്ധേഹത്തിന്റെ സ്പര്‍ശ മാത്രയില്‍ ഉണര്‍ന്നു എഴുന്നേറ്റ് അടരാടി വിജയം വരിക്കുന്നു..
കൊല്ലവര്‍ഷം 1032 മാണ്ട് ചിങ്ങ മാസത്തിലെ ചതയം നക്ഷത്രത്തില്‍ (1856 ഓഗസ്റ്റ്‌ 20 ) ജനിച്ചു കൊല്ലവര്‍ഷം 1104 കന്നി 5 (1928 സെപ്റ്റംബര്‍ 20 )മഹാസമാധി യാവുകയും ചെയ്ത ഈ മഹാഗുരു തന്റെ 72 വര്‍ഷത്തെ ജീവിതത്തി നിടയിലും അതിനു ശേഷവും ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക്‌ വഴിയും ,വഴികാട്ടിയും ,വഴിവിളക്കുമായി ജ്വലിച്ചു നില്‍ക്കുന്നു ..
അക്ഷരാര്‍ത്ഥത്തില്‍ കേരളം ഗുരുവിന്റെതും ഗുരു കേരളത്തിന്റെ തുമാണ് .പക്ഷെ ,മഹാസമാധിയുടെ ഈ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനാചരണ ത്തിലും നാം ഗുരുവിനെ പഠിക്കുന്നതില്‍, അറിയുന്നതില്‍ ,ആ ചൂണ്ടു വിരലോളം വളരുന്നതില്‍ വിജയിച്ചോ !!!എന്നത് വലിയ ചോദ്യം തന്നെ ആണ്.

തയ്യാറാക്കിയത് : അമര്‍നാഥ് കെ ചന്തേര
--------------------------------