Facebook Facebook Facebook email

Monday, 20 August 2012

SHARADHA PRATHIKSHTTA-SIVAGIRI

Posted by SARADHI - ABBASIYA UNIT On 01:34 No comments






ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം


കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ അദ്വൈതാശ്രമം എന്നിവയാണ്  ക്ഷേത്രം, മഠം, ആശ്രമം എന്നീ മൂന്നും ആത്മീയ വികാസത്തിന്‍റെ മൂന്നു തലങ്ങളെ കുറിക്കുന്നു.

അകവും പുറവും തിങ്ങുന്ന ദൈവത്തെ അതിന്‍റെ സ്വാത്വിക ഭാവത്തില്‍ ആരാധിക്കാന്‍ സവര്‍ണ്ണന് മാത്രമേ അക്കാലത്ത് അധികാരം ഉണ്ടായിരുന്നുള്ളൂ. ഏകദേശം പതിനൊന്നാം ശതകം മുതല്‍ ഇരുപതാം ശതകത്തിന്‍റെ പൂര്‍വാര്‍ദ്ധം വരെയും ബ്രാഹ്മണ മേധാവിത്തം കേരളത്തില്‍ ശക്തമായി നില നിന്നു. ജാതി  വ്യവസ്ഥ പണ്ടത്തേക്കാള്‍ രൂക്ഷമായി. ക്ഷേത്രങ്ങള്‍ക്കടുത്തുള്ള വഴിയില്‍ കൂടി പോലും നടക്കാന്‍ അധികാരമില്ലാത്ത, നാണം മറക്കാന്‍ അവകാശമില്ലാത്ത, അക്ഷരം പഠിക്കാന്‍ അവകാശമില്ലാത്ത, സ്വന്തം ശരീരത്തിലെ അവയവങ്ങള്‍കുവേണ്ടി കരം കൊടുക്കേണ്ടിയിരുന്ന ഒരു അടിമ വര്‍ഗ്ഗം ഇവിടെ നില നിന്നു. സകല ജീവിതാനന്ദങ്ങളില്‍ നിന്നും അസ്പര്‍ശ്യരാക്കി മാറ്റി നിര്‍ത്തിയിരുന്ന ഈ വിഭാഗത്തിന് ശെരിയായ ഈശ്വരാരാധന പോലും നിഷിദ്ധമായിരുന്നു. മാടന്‍, മറുത, ഇശക്കി, ചാത്തന്‍, വങ്കാരമാടന്‍, കരിങ്കാളി, തുടങ്ങിയ പ്രാകൃത ദൈവങ്ങളെ, കള്ളും, തവിടും, കൊഴിചോരയും നേദിച്ച് തുള്ളി കല്പിച്ച് ആരാധിക്കുന്നതായിരുന്നു അവര്‍ക്ക് വിധിച്ചിരുന്ന രീതി. അജ്ഞതയും അടിമത്തവും, താമസാരധനയും ഒക്കെ കൂടി മൃഗ സമാനമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഭൂരി പക്ഷം വരുന്ന അവര്‍ണ്ണ ജനത ഈ അടിമത്തത്തിന്‍റെ   ആണിക്കല്ലായതാകട്ടെ ക്ഷേത്രങ്ങളും ക്ഷേത്രങ്ങള്‍ വഴി സ്ഥാപിചെടുക്കപ്പെട്ട ഈ സവര്‍ണ്ണ മേധാവിത്വത്തെ നിശബ്ദം വെല്ലുവിളിക്കാന്‍ ഗുരു ഉപാധി ആക്കിയതും ക്ഷേത്രങ്ങള്‍ തന്നെയായിരുന്നു. 1888 ലെ  അരുവിപ്പുറം ശിവപ്രതിഷ്ഠയോടെയാണ്, ലോക ചരിത്രം ഇന്നോളം സാക്ഷ്യം വഹിക്കാത്ത ആ വിപ്ലവം അരങ്ങേറിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തിലും ആയി കേരളത്തില്‍ നടന്ന സവിശേഷമായ നവോത്ഥാനത്തിന്‍റെ ആണിക്കല്ലായി മാറിയത് അരുവിപ്പുറം ശിവപ്രതിഷ്ഠയാണ്. ശവ സമാനമായി കിടന്നിരുന്ന ജനതയെ ശിവമാക്കി തീര്‍ത്തതായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.

'ക്ഷയാത് ത്രായാതെ ഇതി ക്ഷേത്രം'  എന്നതാണ് ക്ഷേത്രത്തിന്‍റെ നിര്‍വചനം. ബാഹ്യവും ആഭ്യന്തരവുമായ ജീര്‍ണതകളില്‍ നിന്നും വ്യക്തിയേയും സമഷ്ടിയെയും രക്ഷിക്കുന്നതാണ് ക്ഷേത്രം. ആത്മ ജ്ഞാനതിലെക്കുള്ള മനുഷ്യന്‍റെ വളര്‍ച്ചയുടെ ആദ്യ പടവാണ് ക്ഷേത്രങ്ങള്‍. ഉപാധിയിലൂടെയല്ലാതെ നിരുപാധികമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ സാധിക്കുന്നതല്ല.  വിഗ്രഹങ്ങളെ ഈശ്വര ബുദ്ധിയോടുകൂടി ഉപാസിച്ചാലേ, ഉപാസക ചിത്തം കാലക്രമേണ ശുദ്ധവും എകാഗ്രവുമാക്കി തീര്‍ക്കുവാന്‍ സാധിക്കൂ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്ഥൂലമായതിന്‍റെ ആരാധനയിലൂടെ വേണം സൂക്ഷമമായതിലേക്ക് ചെന്നെത്താന്‍. അതിനായിട്ടായിരുന്നു അരുവിപ്പുറത്തു ഗുരു ശിവനെ പ്രതിഷ്ഠിച്ചത്.

യാതൊരു ശില്പിയും കൊത്തിയ ശിലയല്ല ഗുരു പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. നെയ്യാറിലെ ശങ്കരന്‍ കുഴിയുടെ ആഴങ്ങളില്‍ ഗുരുവിന്‍റെ സ്പര്‍ശം കാത്തു കിടന്ന ആ ശില കാലം തന്നെ ഗുരുവിനു വേണ്ടി കാത്തു വെച്ചതായിരിക്കണം. നദിക്കു അഭിമുഖമായി ഒരു ശിലാതലം മാത്രമാണ് ഗുരു പ്രതിഷ്ഠയുടെ വേദിയായി ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നത്. മഹാകവി കുമാരനാശാന്‍റെ 'ബ്രഹ്മശ്രീ നാരായണ ഗുരു' എന്നാ ലഘു ജീവചരിത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മത്തെ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. "പ്രതിഷ്ഠയുടെ സംഭാരമായി ഉണ്ടായിരുന്നത് കുറെ പുഷ്പങ്ങളും വിളക്കുകളും, നാദസ്വര വായനയും മാത്രമായിരുന്നു. പീഠം ആയി സങ്കല്‍പ്പിച്ചിരുന്ന പാറയുടെ മീതെ ഒരു പന്തല്‍ കെട്ടിയിരുന്നു. അര്‍ദ്ധരാത്രിയോടു കൂടി സ്വാമി സ്നാനം ചെയ്തു വന്നു അതിനകത്ത് കടന്ന് പ്രതിഷ്ടിക്കാനുള്ള ശിലയെ കയ്യില്‍ എടുത്ത് ധ്യാനിച്ച്‌ കൊണ്ട് മൂന്നു മണി വരെ ഒരേ നിലയില്‍ നിന്നു. സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സമയം അശ്രുധാരകള്‍ പ്രവഹിച്ചു കൊണ്ടിരുന്നു. കാണികള്‍ ഭക്തി പരവശരായി പഞ്ചാക്ഷര മന്ത്രം ഉച്ചത്തില്‍ ജപിച്ചു ഏക മനസ്സോടെ ചുറ്റും നിന്നു. മൂന്ന് മണിക്ക് ശിലയെ സ്വാമി പീഠത്തില്‍ പ്രതിഷ്ഠിച്ച് അഭിഷേകം ചെയ്തു. ആ സമയത്ത് ചില അത്ഭുതങ്ങള്‍ നടന്നതായി പലരും പറയുന്നു". വൈദികമായ വിധികള്‍ ഒന്നും കൂടാതെയാണ് ഗുരുവിന്‍റെ 'ശിവന്‍' പ്രതിഷ്ടിതമായത്. ശങ്കരന്‍ കുഴിയില്‍ നിന്നും ആ പാതി രാവില്‍ മുങ്ങിയെടുത്ത ശിലയില്‍ സ്വന്തം കണ്ണീരാകുന്ന ഗംഗാജലം കൊണ്ടാണ് ഗുരു ആദ്യം അഭിഷേകം നടത്തിയത്.

മനുഷ്യരായി ജനിച്ചിട്ടും മനുഷ്യരായി ജീവിക്കാന്‍ അക്കാലത്തു അവകാശമില്ലാതിരുന്ന ജനത്തിന് വേണ്ടിയാണ് കാരുണ്യ മൂര്‍ത്തിയായ ഗുരു അന്ന് കന്നീരോഴുക്കിയത്‌. ഉരുണ്ട ശിവലിംഗ സദൃശമായ ശില പരന്ന പാറയില്‍ ഉറച്ചതെങ്ങനെ എന്ന് നമുക്ക് അത്ഭുതം തോന്നാം. ആകാശത്ത് നിന്നും ഒരു മിന്നല്‍ പിണര്‍ ശിലയില്‍ സ്പര്‍ശിച്ചപ്പോള്‍ കൈ പൊള്ളിയിട്ടെന്ന പോലെ ഗുരു പരന്ന പാറയില്‍ ശിഅല്‍ പ്രതിഷ്ഠിച്ചു. 'അഷ്ടബന്ധം ഒഴിക്കേണ്ടയോ'? എന്ന് വൈദ്യന്മാര്‍ ചോദിച്ചപ്പോള്‍ "അത് ഉറച്ചു പോയല്ലോ"  എന്ന് ഗുരു മറുപടി പറഞ്ഞു പോലും! ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരിക്കല്‍ പോലും അഷ്ടബന്ധ നവീകരണ കലശം അവിടെ നടത്തേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഗുരുവിന്‍റെ തപസ്സിന്‍റെ ഊര്‍ജ്ജം തന്നെയാകാം ശിലകളെ തമ്മില്‍ ഉരുക്കി ചേര്‍ത്ത താപോര്‍ജ്ജമായി തീര്‍ന്നിരിക്കുക. പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്രം പണിതപ്പോള്‍ അതിന്റെ ചുമരില്‍ ഗുരു കുറിച്ചു വെച്ചത് പഞ്ചാക്ഷര മന്ത്രമല്ല പകരം

ജാതിഭേതം മതദ്വേഷം 
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃക സ്ഥാനമാണിത്.

എന്നാ വിശ്വ മാനവിക സൂക്തമാണ്. ഗുരുവിനെ സംബന്ധിച്ച് ക്ഷേത്രം എന്നത് ഈ വിശ്വം തന്നെ.

ഞാന്‍ ആര്? എന്ന ചോദ്യത്തിന്‍റെ ഉത്തരം മാത്രം ജ്ഞാനം. അല്ലാത്തതെല്ലാം അജ്ഞാനം എന്നരുളിയത് രമണ മഹര്‍ഷിയാണ്. ഈ ജ്ഞാനം ഒരു ഗുരുവില്‍ നിന്നെ വേണ്ട വിധം പകര്‍ന്നു കിട്ടൂ. ആത്മജ്ഞാനിയായ ഗുരുവിനോടൊപ്പം ശിഷ്യന്മാരും താമസിച്ച് ആത്മവിദ്യ അഭ്യസിക്കുന്ന ഇടമാണ് മഠം. ഗുരു സ്വരൂപിണിയും ശ്രീ വിദ്യയുമായ ശാരദയെ പ്രതിഷ്ഠിച്ച് ആത്മവിദ്യ അഭ്യസിച്ചു ജീവിതം അര്‍ത്ഥവത്താക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കാം ശാരദാ പ്രതിഷ്ഠയിലൂടെ ഗുരു ലക്ഷ്യമിട്ടത്.

ജീവിത കാലം മുഴുവന്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്ന ഋഷി ആയിരുന്നു ശ്രീനാരായണഗുരുദേവന്‍. സന്ന്യാസി ഒരിടത്ത് തന്നെ സ്ഥിരമായി താമസിക്കുന്നത് ശരിയല്ല എന്നാണ് ശാസ്ത്രം. ചരതി ചരതി എന്നായിരിക്കണം സന്യാസിയുടെ ജീവിതം. എന്തുകൊണ്ടെന്നാല്‍ ഒന്നിനോടും പ്രതെയക മമത സന്യാസിക്കു ഉണ്ടാകാന്‍ പാടില്ല. 1903  ജനുവരി 7 ന്‌ അരുവിപ്പുറത്തു വെച്ച് ആണ് സംഘടനകളുടെ മാതാവായ ശ്രീ നാരായണ ധര്‍മ പരിപാലന യോഗത്തിന് തുടക്കം കുറിക്കുന്നത്. അതിനടുത്ത വര്‍ഷം ഗുരു തന്‍റെ ആസ്ഥാനം അരുവിപ്പുറത്തു  നിന്നു ശിവഗിരിയിലെക്ക് മാറ്റി.

ഗുരുവിനെ കുറിച്ചുള്ള മഹാകവി കുമാരനാശാന്‍റെ ജീവിത ചരിത്രത്തില്‍ ഇങ്ങനെ കാണുന്നു. "1079ാ൦ ആണ്ട് സ്വാമി വര്‍ക്കല ഇപ്പോള്‍ ശിവഗിരി മഠം സ്ഥാപിച്ചിരിക്കുന്ന കുന്നിനു സമീപം ഒരു ദിക്കില്‍ പതിവായി ചെന്നിരിക്കുകയും ഒരു കുടില് കെട്ടി കുറെ നാള്‍ താമസിക്കുകയും ചെയ്തിരുന്നു. അതിനു ചുറ്റും വഴുതിന, പയര്‍, കത്തിരി, വെണ്ട മുതലായ സസ്യങ്ങള്‍ കൃഷി ചെയ്യിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ കൃഷി സ്ഥലത്തിന് തെക്കായി ഒരു കുന്നുണ്ടായിരുന്നത് ആരുടേയും പേരില്‍ പതിഞ്ഞിട്ടില്ലെനു മനസിലാവുകയാല്‍ തന്‍റെ ഇരിപ്പ് സ്വാമി ആ സ്ഥലത്തേക് മാറ്റി. കുന്നിന്‍റെ മുകളില്‍ ഒരു പര്‍ണശാല കെട്ടി മിക്കവാറും സ്ഥിരമായി താമസിച്ചു എന്ന് തന്നെ പറയാം. ഗുരു ആവശ്യപ്പെട്ടതനുസരിച്ച് കൈതക്കോണത്ത് കച്ചപ്പി ആശാന്‍ ഓല കൊണ്ടും മുള കൊണ്ടും ഒരു മാടം കെട്ടി കൊടുത്തു. സഹചാരിയും പച്ചകക്കാരനുമായിരുന്ന പപ്പു ശാന്തിയോടൊപ്പം ഗുരു അവിടെ താമസം തുടങ്ങി. പിന്നീട് ഈ കുന്ന് തന്‍റെ പേരില്‍ പതിപ്പിച്ചു വാങ്ങി. ചുറ്റും ദാനമായി കിട്ടിയ സ്ഥലത്തിനടക്കം 'ശിവഗിരി' എന്ന് പേര് നല്‍കുകയും ചെയ്തു.

( Dr . ഗീത സുരാജിന്‍റെ "ശ്രീ നാരായണ ഗുരുദേവന്‍റെ ശാരദാ പ്രതിഷ്ഠയും ജനനീനവരത്നമഞ്ജരിയും" എന്ന കൃതിയില്‍ നിന്നും..)

0 comments:

Post a Comment