Facebook Facebook Facebook email

Monday, 17 September 2012

GURU SAMADHI

Posted by SARADHI - ABBASIYA UNIT On 23:48


പ്രിയ സാരഥി കുടുംബാഗങ്ങളെ,
ജഗത്ഗുരു ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി
ദിവസം ആയ കന്നി 5 നു (21/09/2012  - വെള്ളിയാഴ്ച ) , സാരഥി അബ്ബാസിയ

യുണിട്ടിന്റെ നേതൃത്വത്തില്‍ ചാച്ചൂസ് ഹാളില്‍ ( സൂപ്പര്‍ എക്സിബിഷന്‍ സമീപം )
വൈകിട്ട്  6 മണി മുതല്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള അന്നദാനത്തിലും
 എല്ലാ സാരഥി കുടുംബാഗങ്ങളും പങ്കെടുക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .

Monday, 3 September 2012

GURUDEVA KRITHIKAL - AUDIO C.D

Posted by SARADHI - ABBASIYA UNIT On 13:32


പ്രിയ സാരഥി കുടുംബാഗങ്ങളെ ,


സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശ്രീ നാരായണ ഗുരുദേവ കൃതികളുടെ ഓഡിയോ സി .ഡി  , ശിവഗിരി മഠത്തില്‍ നിന്നും  ആത്മീയ പ്രഭാഷണ പരമ്പരകള്‍ക്കും , ചതയദിന പൂജകള്‍ക്കും ആയി കുവൈറ്റില്‍ എത്തിയ പൂജനിയ  വിശാലനന്ദ സ്വാമിജി 30/08/2012- ല്‍ സാരഥി അബ്ബാസിയ യുണിറ്റില്‍ വച്ച് നടന്ന ചടങ്ങില്‍   പ്രകാശനം ചെയ്ത വിവരം ഇതിനോടകം തന്നെ എല്ലാ സാരഥി കുടുംബാഗങ്ങളും അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത സി .ഡി യുടെ കോപ്പികള്‍ സാരഥി അബ്ബാസിയ യുണിറ്റിലെ എല്ലാ ഭവനങ്ങളിലും തികച്ചും സൗജന്യമായി എത്തിച്ചു തരുന്ന വിവരം സാരഥി അബ്ബാസിയ ഭരണ സമിതി  സസന്തോഷം അറിയിച്ചു കൊള്ളുന്നു .

Tuesday, 28 August 2012

HAPPY ONAM

Posted by SARADHI - ABBASIYA UNIT On 04:16




പ്രിയ സാരഥി കുടുംബാഗങ്ങളെ,
പൊന്നിന്‍ ചിങ്ങമാസത്തിലെ ഈ പൊന്നോണം സമ്പല്‍സമൃദ്ധിയുടെയും 
സര്‍വ്വ ഐശ്വര്യത്തിന്റെയും ആയിത്തിരട്ടെ എന്ന് ആശംസിക്കുന്നു...

Friday, 24 August 2012

GURU JAYANTHI

Posted by SARADHI - ABBASIYA UNIT On 13:07


Monday, 20 August 2012

Aarattupuzha Velayudha Panicker

Posted by SARADHI - ABBASIYA UNIT On 02:25




ആറാട്ടുപുഴ വേലായുധപ്പണിക്കര്‍'

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പ് മംഗലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.
ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌.

കായംകുളത്ത് വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്‍റെയടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.
അവര്‍ണര്‍ക്കുവേണ്ടി കായംകുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍.
ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്‍റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌. ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?"
പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു !! ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്‍റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.
വഴിയൊന്നാണെങ്കിലും ഗുരുദേവന്‍റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്‍റെടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു. ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹനങ്ങള്‍ .
മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു.വിവരം തിരക്കിയ രാജാവിനു മുന്നില്‍ "ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചുനിന്ന ആണായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.
എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല.1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്‍റെ നിഗൂഡമായ ബാല്യം!
1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും സഖാവെ എന്നുവിളിച്ചില്ല.

ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം

അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു. ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം. മുണ്ട്‌ ഇറക്കിയുടുത്ത ഈഴവസ്‌ത്രീയെ പരിഹസിച്ച കരപ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ സഖാവേ എന്നുവിളിച്ചില്ല.

മൂക്കുത്തിവഴക്ക്‌

ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌. കഥയിങ്ങനെയാണ്‌: അന്നു സ്വര്‍ണ്ണ മൂക്കുത്തിധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്ന
ു. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്‍റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു. സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു. ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...
ഏത്താപ്പുസമരം
സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നു പണിക്കരുടെ ലഹളകളെല്ലാം. മൂക്കുത്തി വഴക്കിന്‍റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണസ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു.പണ്ട്‌ ഈ നാട് സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു....എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌

കഥകളിയോഗം

 1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതാണ് വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവണ്‍മെന്റില്‍ ‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി. അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.

പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍ കൊള്ളക്കാര്‍ അപഫരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള 'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.

മാംബുഴക്കരിക്കാരന്‍ കരപ്രമാണി

കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍ ‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്‍റെ കറവ വറ്റുമ്പോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ, വാളുമായിചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റൊരു കഥ.
ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌, കുഞ്ഞുകൃഷ്ണന്‍. സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.

സഞ്ചാരസ്വാതന്ത്ര്യം

'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുമ്പോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്‍റെ മകന്‍ രാമന്‍ മേനോന്‍റെ എഴുന്നള്ളിത്താണ്‌. അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്‍റെ കല്‍പ്പന. രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി.... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടിമാറേണ്ടി വന്നില്ല.

മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളംകായല്‍ കടക്കുമ്പോഴാണ് വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു. ഒരു കോവുവള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി.നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി. കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.
ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം-- ശ്രീനാരായണഗുരു.
സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗലത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മറ്റെവിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ?.....

(ശ്രീ. ജിജോ ജോണ്‍ പുത്തേഴത്ത്‌ മലയാള മനോരമ പത്രത്തിലെ വാരാന്തപ്പതിപ്പില്‍ 2004 ഫെബ്രുവരി 15 ന്‌ എഴുതിയ ലേഖനം.....)

VAYALVARAM VEEDU

Posted by SARADHI - ABBASIYA UNIT On 02:04


ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മൂന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; [3] ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

DHARMAM AVAM PARAM DAIVAM

Posted by SARADHI - ABBASIYA UNIT On 01:51

ധര്‍മ്മ ഏവ പരം ദൈവം


ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മസ്സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം

ഈ ശ്ലോകം വിഷ്ണ്വാഷ്ടകം കഴിഞ്ഞ് ‘ഇതും ഗുരുസ്വാമി അവര്‍കള്‍ എഴുതിയതാകുന്നു’ എന്നാ കുറിപ്പോടെ ശിവലിംഗദാസ സ്വാമികളുടെ നോട്ടുബുക്കില്‍ ചെര്‍ത്തിരുന്നതാണ്.

വ്യാഖ്യാനം – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; പരം – പ്രപഞ്ചത്തിനാദികാരണമായ; ദൈവം-പരബ്രഹ്മം; ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; മഹാധനം-ഏറ്റവും വലിയ സമ്പത്ത്; ധര്‍മഃ സര്‍വത്ര – ധര്‍മം എല്ലായിടത്തും; വിജയീ-വിജയം കൈവരിക്കുന്നു; നൃണാം ശ്രേയസേ – അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി; ഭവതുഃ – ഉപകരിക്കുമാറാകട്ടെ.

ധര്‍മം തന്നെയാണ് പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം. ധര്‍മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധര്‍മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ.

ധര്‍മ ഏവ പരം ദൈവം
നിലനില്‍പ്പിന്റെ ഭാഗങ്ങളായി കര്‍മം, ബ്രഹ്മം ഇങ്ങനെ രണ്ടെണ്ണമേ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വേര്‍തിരിയുന്നുള്ളൂ. കര്‍മത്തിന്റെ വിവിധ രൂപങ്ങളാണ് പ്രപഞ്ചം.ഈ കര്‍മത്തിനധിഷ്ഠാനമാണ് ബ്രഹ്മം. ഇങ്ങനെയിരിക്കെ എന്താണ് ധര്‍മം? സത്യമറിയാതെ കുഴങ്ങുന്ന വലിയ ചിന്തകന്മാര്‍ക്കുപോലും വ്യക്തമായ ഒരു നിര്‍വചനം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യനിഷ്ഠനായ ഗുരുദേവനാകട്ടെ ഇവിടെ ആദ്യത്തെ വരിയില്‍ത്തന്നെ ധര്‍മത്തിന് വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുന്നു. പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം തന്നെയാണ് ധര്‍മം. ധരിക്കുന്നത് ‘ധര്‍മം’ എന്നാണല്ലോ ധര്‍മ പദത്തിനര്‍ത്ഥം. കര്‍മരൂപേണ കാണപ്പെടുന്ന പ്രപഞ്ചത്തെ ധരിക്കുന്നത് ബ്രഹ്മമാണെന്നു വേദാന്തശാസ്ത്രത്തിനു തെളിഞ്ഞിട്ടുണ്ട്.

സദാചാരങ്ങളാണ് ധര്‍മമെന്നു പ്രസിദ്ധിയുണ്ടല്ലോ, അതോ? അതോ, സത്ത് ബ്രഹ്മസ്വരൂപമാണല്ലോ. ബ്രഹ്മം ധര്‍മമായതുകൊണ്ട് ബ്രഹ്മത്തോടടുപ്പിക്കുന്ന കര്‍മത്തെയും ധര്‍മമെന്നു ലാക്ഷണികമായി പറയാം. സത്തിനോടടുപ്പിക്കുന്ന കര്‍മമാണ് സദാചാരം. സത്യത്തില്‍നിന്നും അകറ്റികളയുന്ന കര്‍മം അധര്‍മവും. അപ്പോള്‍ ഭേദചിന്തയകറ്റി ഏകത്വത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഏതു കര്‍മവും ധര്‍മമാണ്. ദാനാദികര്‍മങ്ങള്‍പോലും ഭേദചിന്തയ്ക്കും അഹങ്കാരത്തിനും ശക്തികൂട്ടി സത്യത്തില്‍ നിന്നും അകറ്റുന്നതായാല്‍ അത് അധര്‍മമാണെന്ന് ഓര്‍ക്കേണ്ടതാണ്.

ധര്‍മ ക്ഷേത്രമാണ് പ്രപഞ്ചം. പരമാത്മാവിന്റെ ശരീരമാണ് പ്രപഞ്ചമെന്നര്‍ത്ഥം. ഭഗവദ്‌ഗീത തുടങ്ങുമ്പോള്‍ തന്നെ പ്രയോഗിച്ചിട്ടുള്ള ‘ധര്‍മക്ഷേത്ര’ പദം ഈ നിലയില്‍ താല്പര്യ നിര്‍ണ്ണയം ചെയ്യപ്പെടേണ്ടതാണ്. ധര്‍മത്തിന് ഗ്ലാനി വരുമ്പോഴും അധര്‍മത്തിന് അഭ്യു‍ത്ഥാനം സംഭവിക്കുമ്പോഴും താന്‍ അവതരിക്കുമെന്നും ഭഗവാന്‍ പ്രഖ്യാപിക്കുന്നതും ഈ പശ്ചാത്തലത്തില്‍ ധരിക്കേണ്ടതാണ്. അദ്വൈതബോധത്തിന് മങ്ങല്‍തട്ടി ദ്വൈതബോധത്തിന് ശക്തി കൂടുമ്പോള്‍ ഈശ്വരബുദ്ധി ഉറപ്പിക്കാനായി ഏതെങ്കിലും രൂപത്തില്‍ താന്‍ വന്നെത്തുമെന്ന് താല്പര്യം.

സത്യത്തോടടുക്കാന്‍ അതെത്രകണ്ട് സഹായിക്കുന്നു എന്നുമാത്രമാണ് ഒരു കര്‍മത്തെ ധര്‍മമാക്കി മാറ്റുന്നത്. ധര്‍മത്തിന്റെ അഥവാ ബ്രഹ്മത്തിന്റെ പൂര്‍ണ്ണ സാക്ഷാത്കാരത്തില്‍ കര്‍മം മുഴുവന്‍ മറഞ്ഞുപോകുമെന്നും ഓര്‍ക്കേണ്ടതാണ്.

ധര്‍മ ഏവ മഹാധനം
ധര്‍മമാണ്‌ ഏറ്റവും വലിയ സമ്പത്ത്. എന്തിനാണൊരാള്‍ സമ്പത്ത് സഞ്ചയിക്കുന്നത്? സുഖം കണ്ടെത്താന്‍. ബ്രഹ്മം ഒന്നുമാത്രമാണ് സുഖസ്വരൂപം. ഭൗതിക സമ്പത്തുകൊണ്ടനുഭവിക്കുന്ന ക്ഷണികസുഖങ്ങള്‍പോലും ബ്രഹ്മാനന്ദത്തിന്റെ ലേശങ്ങള്‍ മാത്രമാണ്. അപ്പോള്‍ ബ്രഹ്മലാഭമാണ് ഏറ്റവും വലിയ സമ്പത്തെന്നു പറയേണ്ടതില്ലല്ലോ. അതിനു സഹായിക്കുന്ന ധര്‍മരൂപമായ കര്‍മവും വലിയ സമ്പത്താണ്. അര്‍ത്ഥകാമങ്ങള്‍ ധര്‍മരൂപമായ കര്‍മത്തിനും ധര്‍മം മോക്ഷത്തിനും വഴിതെളിക്കണം. അപ്പോള്‍ മാത്രമേ അര്‍ത്ഥകാമങ്ങള്‍ക്ക് പുരുഷാര്‍ത്ഥസിദ്ധിയുള്ളൂ. മഹാഭാരതത്തിലെ മാഹാത്മ്യകഥനത്തില്‍ സൂതന്‍ പറയുന്നത് നോക്കുക:

ഊര്‍ദ്ധ്വബാഹുര്‍വിരൗമേഷ
ന ച കശ്ചിച്ഛൃണോതിമേ
ധര്‍മാദര്‍ത്ഥശ്ചകാമശ്ച
സ കിമര്‍ഥം ന സേവ്യതേ.

‘കൈപൊക്കി ഞാനിതാ വിളിച്ചുപറയുന്നു. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. ധര്‍മത്തിലൂടെ മാത്രമേ അര്‍ത്ഥകാമങ്ങള്‍ സഫലമാവൂ. പിന്നെന്തുകൊണ്ട് ആ ധര്‍മം അനുസരിക്കപ്പെടുന്നില്ല‘. ഭാഗവതം ആദ്യംതന്നെ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്. അര്‍ത്ഥകാമങ്ങളെ ധര്‍മപരമാക്കാനും ധര്‍മ്മത്തെ മോക്ഷലക്ഷ്യത്തിലെത്തിക്കാനും ഒരൊറ്റ വഴിയേയുള്ളൂ. നിലയ്ക്കാത്ത തത്ത്വജിജ്ഞാസ. എന്താണ് തത്ത്വം? അദ്വൈതാഖണ്ഡബോധമാണ് തത്ത്വം.

ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും അദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ലാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. “ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ – എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും”. ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.

ഭവതു ശ്രേയസേ നൃണാം
‘ശ്രേയസ്സ്’ എന്ന പദത്തിന്റെ നിഷ്കൃഷ്ടമായ അര്‍ഥം ബ്രഹ്മപ്രാപ്തി അഥവാ മോക്ഷം എന്നാണ്. ധര്‍മം മോക്ഷാനുഭവത്തിലെത്തുന്നതാണെന്ന് ഗുരുദേവന്‍ ഈ വരിയില്‍ വ്യക്തമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സത്യബോധം വളര്‍ത്താത്ത കര്‍മമൊന്നും ധര്‍മമല്ല. അവ ജീവിതത്തെ ആയാസപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. “ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം – ധര്‍മ രഹസ്യം ഹൃദയഗുഹയില്‍ ഒളിഞ്ഞിരിക്കുന്നു” എന്ന് വ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നത് ഇക്കാര്യം സൂചിപ്പിക്കാനാണ്. ഹൃദയ ഗുഹയില്‍ ഒളിഞ്ഞിരിക്കുന്നത് ആത്മാവാണ്. അതിനെ മറമാറ്റി തെളിക്കുന്നതെന്തോ അതാണ്‌ ധര്‍മം. ഇതാണ് ധര്‍മരഹസ്യം.

ഇങ്ങനെ ഒരു കൊച്ചു പദ്യത്തില്‍ ധര്‍മ രഹസ്യം മുഴുവന്‍ ഉള്ളടക്കി ഒരു ദിവ്യമന്ത്രം പോലെ നമുക്ക് അനുഗ്രഹിച്ഛരുളിയ അനുകമ്പാനിധിയായ ഗുരുദേവനെ പാദപാതം പ്രണമിക്കാം.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ